ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജര്‍; മോഡല്‍ സൗമ്യയും എക്സൈസ്
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ആലപ്പുഴ എക്സൈസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും രാവിലെ എട്ട് മണിയോടെ എത്തി. ബംഗളൂരുവിലെ ഡീഅഡിക്ഷന് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോ, ഒരു മണിക്കൂറിനകം തിരിച്ചയക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കേസിലെ പ്രതി തസ്ലിമയുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വ്യക്തത തേടിയാണ് താരങ്ങളെ ചോദ്യം ചെയ്തത്. തസ്ലിമയുടെ മൊഴിയിലാണ് ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ലഹരി ഉപയോഗത്തിനായി കൂടെയുണ്ടായിരുന്നുവെന്ന് ആരോപണം ഉണ്ടായത്. ഇതേ കേസിലെ ഭാഗമായി കൊച്ചിയിലെ മോഡല്‍ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. തസ്ലിമയുടെ ഫോണില്‍ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും കോളുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. ഇവരോട് ബന്ധപ്പെട്ട ലഹരി ഇടപാടുകളുടെ കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രതി ചേര്‍ക്കേണ്ടതുണ്ടോ എന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകും.